Monday, 8 August 2011

ഓണ്‍ലൈന്‍ സേവനലഭ്യത അവകാശമാവുന്നു

കെ. അന്‍വര്‍ സാദത്ത്‌


ഇക്കാലമത്രയും സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ആ വകുപ്പിന്റെ, സ്ഥാപനത്തിന്റെ ഒരു 'സൗജന്യം ' അല്ലെങ്കില്‍ 'വിശിഷ്ടനേട്ടം' എന്ന നിലയിലാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ ഇനി ഇത്തരം സേവനങ്ങള്‍ നിര്‍ബന്ധമായും ഓണ്‍ലൈനാക്കണം എന്ന നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കാന്‍ പോകുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ഇലക്‌ട്രോണിക് സര്‍വീസ് ഡെലിവറി ബില്‍ -2011 നിയമമാവുന്നതോടെ വിവരാവകാശ നിയമം പോലെ കരുത്താര്‍ന്ന ഒരു സംവിധാനമായി ഇത് മാറും.


ഭരണപ്രക്രിയയില്‍ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഇ-ഗവേണന്‍സ് തൊണ്ണൂറുകളുടെ പകുതി മുതല്‍ ഇന്ത്യയില്‍ നിലവില്‍ വന്നുകൊണ്ടിരുന്നെങ്കിലും രാജ്യത്ത് 2000 ഒക്ടോബര്‍ 17ന് 'ഐടി ആക്ട് -2000 ' എന്ന സൈബര്‍ നിയമം കൊണ്ടുവന്നപ്പോഴാണ് (2008-ല്‍ ഇത് ഭേദഗതി ചെയ്തു) ഇതിന് ലിഖിതമായ നിയമപ്രാബല്യം ലഭിച്ചത്. ഓഫീസ് പണികള്‍ക്ക് കടലാസ് ഒഴിവാക്കല്‍ ലക്ഷ്യമാക്കുന്ന ഈ നിയമത്തില്‍ ഇലക്‌ട്രോണിക് രേഖകള്‍ക്കും ഇലക്‌ട്രോണിക് ക്രയവിക്രയങ്ങള്‍ക്കും നിയമപ്രാബല്യം ലഭിച്ചു. ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിച്ച് പ്രമാണങ്ങള്‍ തയ്യാറാക്കാനും ആധികാരികത ഉറപ്പിക്കാനുംരേഖകള്‍ ഇലക്‌ട്രോണിക് രീതിയില്‍ സൂക്ഷിക്കാനുമെല്ലാം അനുവാദം നല്‍കുന്ന തരത്തില്‍ ഇ-ഗവേണന്‍സിന് പ്രത്യേക വകുപ്പുകള്‍ എല്ലാമുണ്ടെങ്കിലും നമ്മുടെ സൈബര്‍ നിയമത്തിന്റെ ഒന്‍പതാം വകുപ്പ് പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളിലെ ഏതെങ്കിലും രേഖകള്‍ ഇലക്‌ട്രോണിക് രൂപത്തിലാക്കണം എന്ന് 'നിര്‍ബന്ധിക്കാനുള്ള അവകാശം' നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യമാണ് പുതിയനിയമംവഴി മാറാന്‍ പോകുന്നത്.


2006-ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേശീയ ഇ-ഗവേര്‍ണന്‍സ് പദ്ധതി (എന്‍.ഇ.ജി.പി.) പ്രകാരം സര്‍ക്കാറിന്റെ ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള ഡാറ്റാ സെന്ററുകള്‍ (എസ്.ഡി.സി.), സംസ്ഥാനത്ത് മൊത്തം ഡിജിറ്റല്‍ ഹൈവേ സ്ഥാപിക്കുന്ന സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്കുകള്‍(എസ്.ഡബ്ല്യു.എ.എന്‍.അഥവാ സ്വാന്‍) തുടങ്ങിയവയും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ തൊട്ടടുത്ത് ലഭ്യമാക്കാനായി കേരളത്തിലെ അക്ഷയകേന്ദ്രങ്ങളുടെ മാതൃകയില്‍ ഒരു ലക്ഷത്തോളം പൊതുസേവന കേന്ദ്രങ്ങളും (സി.എസ്.സി.) ലക്ഷ്യമിട്ടിരുന്നു. ഇതോടൊപ്പം 27 വകുപ്പുകളിലെ കമ്പ്യൂട്ടര്‍വത്കരണം 'മിഷന്‍ മോഡ് പ്രോജക്ടുകളുടെ' രൂപത്തിലും ലക്ഷ്യമിട്ടിരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ ചെലവ് പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതിയുടെ നിര്‍വഹണം നിലവില്‍ പല ഘട്ടങ്ങളിലാണെങ്കിലും സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തിലാക്കുന്നതില്‍ വരുന്ന കാലതാമസം ഇതില്‍ പല കാര്യങ്ങള്‍ക്കും വിലങ്ങുതടിയായി നിന്നു. ഈ പശ്ചാത്തലത്തിലാണ് 2005-ലെ വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ പ്രത്യേകം ഇലക്‌ട്രോണിക് സര്‍വീസ് ഡെലിവറി നിയമം രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നത്. 2011 ഫിബ്രവരിയില്‍ കേന്ദ്ര ഐ.ടി വകുപ്പ് പ്രസിദ്ധീകരിച്ച കരട് ബില്ലില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് പുതിയ ബില്ല് (www. mit.gov.in) തയാറാക്കിയിട്ടുള്ളത്.


സര്‍ക്കാര്‍ സേവനങ്ങള്‍ ഇ-രൂപത്തില്‍


ജമ്മുകശ്മീര്‍ ഒഴികെ ഇന്ത്യ മുഴുവന്‍ ബാധകമാകാന്‍ പോകുന്ന ഇലക്‌ട്രോണിക് ഡെലിവറി ഓഫ് സര്‍വീസസ് ആക്ട് -2011(ഇ.ഡി.എസ്.എ.) യില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നിലവില്‍ നല്‍കുന്ന സേവനങ്ങളെയാണ് 'പബ്ലിക് സര്‍വീസ്' ആയി പരിഗണിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെ വിവിധ ഫോമുകള്‍, അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, പെര്‍മിറ്റുകള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് ഇലക്‌ട്രോണിക് രൂപത്തില്‍(വിവിധ വെബ് സൈറ്റുകളിലുള്‍പ്പെടെ) ലഭ്യമാക്കാനും തിരിച്ച് സര്‍ക്കാറിലേക്ക് സ്വീകരിക്കാനും ( ഓണ്‍ലൈന്‍ പണമിടപാട് ഉള്‍പ്പെടെ) ഇതുവഴി സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം നല്‍കണം. നിയമം പാസായി ആറു മാസത്തിനകം ഓരോ സര്‍ക്കാര്‍ വകുപ്പും അവരുടെ സേവനങ്ങള്‍ ഇ-രൂപത്തിലാക്കുന്നതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ഇതിന്റെ ആദ്യപടി. സേവനത്തിന്റെ പേര്, അത് ഓണ്‍ലൈനായി ലഭ്യമാക്കുന്ന തീയതി, സേവന ലഭ്യത ഉറപ്പാക്കാനുള്ള വഴികള്‍, പരാതി പരിഹാര സംവിധാനങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഇപ്രകാരം പരസ്യപ്പെടുത്തണം.


എല്ലാ സര്‍ക്കാര്‍ സേവനങ്ങളും അഞ്ചു വര്‍ഷത്തിനകം ഇലക്‌ട്രോണിക് രൂപത്തിലാക്കണം എന്നാണ് കരട് നിയമത്തിലെ വ്യവസ്ഥ. ഇനി അങ്ങനെ കഴിഞ്ഞില്ലെങ്കില്‍ വ്യക്തമായ കാരണം രേഖപ്പെടുത്തി മൂന്നു വര്‍ഷം കൂടെ എടുക്കാം. ഇലക്‌ട്രോണിക്‌സ് ഗവേണന്‍സിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ് നിലവിലുള്ള രീതി അതേപോലെ കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിനുപകരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കാനായി നടത്തേണ്ട പ്രക്രിയാ മാറ്റങ്ങള്‍ (ബിസിനസ് പ്രോസസ് റീഎന്‍ജിിനീയറിങ്) . സേവനങ്ങള്‍ ഇ-രൂപത്തിലാക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ കരട് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇ-സേവനങ്ങളുടെ സുരക്ഷയും വ്യത്യസ്തവിവര വ്യൂഹങ്ങള്‍ പരസ്​പരം സംവദിക്കാന്‍ അവസരം നല്‍കലും ഉറപ്പുവരുത്തുന്നവിധം നിശ്ചിത ഇ-ഗവേര്‍ണന്‍സ് സ്റ്റാഡേര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ അതതു സമയങ്ങളില്‍ പുറപ്പെടുവിക്കണമെന്നാണ് കരട് നിയമത്തിലെ അഞ്ചാം വകുപ്പ്. ഇനി ഏതെങ്കിലും സേവനങ്ങള്‍ പൊതുജനത്തിന് ഇലക്‌ട്രോണിക് രൂപത്തില്‍ ലഭ്യമല്ലെങ്കിലോ അല്ലെങ്കില്‍ അംഗീകരിച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കിലോ പൗരന് പരാതി പറയാനുള്ള സംവിധാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നിഷ്‌കര്‍ഷിക്കണമെന്നാണ് രണ്ടാമധ്യായത്തിലെ ആറാം വകുപ്പ്.


ഇലക്‌ട്രോണിക് സര്‍വീസ് ഡെലിവറി കമ്മീഷന്‍


ഇതോടനുബന്ധിച്ച് കേന്ദ്രസംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ മാതൃകയില്‍ ഇലക്‌ട്രോണിക് സര്‍വീസ് ഡെലിവറി കമ്മീഷനുകളും (ഇ.സി.ഡി.സി.) കേന്ദ്രത്തിലും സംസ്ഥാനത്തിലും സ്ഥാപിതമാകും. ഒരു സെന്‍ട്രല്‍ ചീഫ് കമ്മീഷണറും രണ്ടില്‍ കൂടാത്ത സെന്‍ട്രല്‍ കമ്മീഷണര്‍മാരും ചേര്‍ന്നതാണ് കേന്ദ്ര ഇ.സി.ഡി. സി. പൊതുകാര്യ പ്രസക്തരും നിയമം, ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, സാമൂഹികപ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, പൊതുഭരണം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുമായിരിക്കണം കമ്മീഷന്‍ അംഗങ്ങള്‍. കേന്ദ്ര സര്‍ക്കാറില്‍ സെക്രട്ടറി സ്ഥാനത്തിന് തുല്യമായ പദവിയില്‍ കേന്ദ്രത്തിലോ സംസ്ഥാനത്തോ ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിരിക്കണം. അഞ്ചുവര്‍ഷമോ അല്ലെങ്കില്‍ അറുപത്തഞ്ച് വയസ്സ് തികയുന്നതുവരെയോ ആണ് കമ്മീഷനംഗങ്ങളുടെ കാലാവധി. ഇതേ മാതൃകയില്‍ത്തന്നെയാണ് സംസ്ഥാനതലത്തിലുള്ള കമ്മീഷണറേറ്റുകളുടെ ഘടനയും പ്രവര്‍ത്തനവും.


നിയമത്തിന്റെ നിര്‍വഹണരീതി തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ് കമ്മീഷന്റെ ചുമതല. ഇലക്‌ട്രോണിക് രീതിയില്‍ ലഭ്യമാകേണ്ട സേവനങ്ങളുടെ രീതിശാസ്ത്രം, സമയക്രമം, സേവന വ്യവസ്ഥകള്‍ തുടങ്ങിയവ പരിശോധിക്കുക മാത്രമല്ല ആക്ടിന്റെ വ്യവസ്ഥകളനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിശ്ചിത കാലയളവില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും കമ്മീഷന് അധികാരമുണ്ട്. ഭരണ സംവിധാനം ഇ-രൂപത്തിലാക്കുമ്പോള്‍ നടത്തേണ്ട പ്രക്രിയാ പരിഷ്‌കാരങ്ങള്‍, പരാതിപരിഹാര സംവിധാനത്തിന്റെ കാര്യക്ഷമത തുടങ്ങിയവ പരിശോധിക്കാനും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അതത് സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കാനും കേന്ദ്രസംസ്ഥാന കമ്മീഷനുകള്‍ക്ക് ബാധ്യതയുണ്ട്. വിവരാവകാശ കമ്മീഷന്റെ മാതൃകയില്‍ ഏതേത് റിപ്പോര്‍ട്ടുകള്‍ സര്‍വീസ് ഡെലിവറി കമ്മീഷന്‍ തയ്യാറാക്കണം എന്ന് വിശദമായി പരാമര്‍ശിക്കുന്നതാണ് നിര്‍ദിഷ്ട നിയമത്തിലെ ഇരുപതാം വകുപ്പ്.

അപ്പീലും ശിക്ഷയും


നിലവില്‍ ഏതെങ്കിലും സേവനം ഓണ്‍ലൈനായി ലഭിച്ചില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരെ ശിക്ഷിക്കാന്‍ വ്യവസ്ഥയില്ലെങ്കിലും ഇ-സര്‍വീസ് ഡെലിവറി നിയമം വരുന്നതോടെ ഈ രീതി മാറും. വകുപ്പുതലത്തിലുള്ള പരാതി പരിഹാര സംവിധാനത്തില്‍ തൃപ്തരല്ലാത്തവര്‍ക്ക് കമ്മീഷനെ സമീപിക്കാം. വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പെരുമാറുന്ന ഉദ്യോഗസ്ഥനില്‍നിന്ന് കമ്മീഷന് 5,000 രൂപവരെ പിഴ ഈടാക്കാം. വിവരാവകാശ കമ്മീഷണര്‍മാര്‍ വാദം കേള്‍ക്കുന്ന മാതൃകയില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കണം കമ്മീഷണര്‍മാര്‍ വിധി നല്‍കേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരോട് നേരിട്ട് വരാന്‍ ആവശ്യപ്പെടാനും രേഖകള്‍ പരിശോധിക്കാനുമെല്ലാം കമ്മീഷന് അധികാരമുണ്ടായിരിക്കും. ആക്ട് നടപ്പാക്കാനാവശ്യമായ വിശദമായ ചട്ടങ്ങള്‍ (ഇ-ഗവേര്‍ണന്‍സ് സ്റ്റാന്‍ഡേര്‍ഡ്, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇ-സര്‍വീസ് ഡെലിവറി സിസ്റ്റങ്ങളുടെ പരസ്​പര സംവേദനം, ഏതൊക്കെ സര്‍വീസുകള്‍ എപ്രകാരം ഇലക്‌ട്രോണിക് രൂപത്തിലാക്കാം, പരാതിപരിഹാര സംവിധാനം, കാലയളവ്, സേവനങ്ങളുടെ ഗുണനിലവാരം) ബന്ധപ്പെട്ട സര്‍ക്കാറുകള്‍ പുറപ്പെടുവിക്കണം.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുതിയമുഖം


സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന് ഓണ്‍ലൈനായി ലഭ്യമാക്കുന്നത് വകുപ്പുകളുടെ ഔദാര്യമല്ല, മറിച്ച് പൗരന്റെ അവകാശമാണ് എന്നുവരുന്ന ഈ നിയമത്തിന് സര്‍ക്കാര്‍ സംവിധാനത്തിന്റെ മുഖച്ഛായ മാറ്റാനും വിശ്വാസ്യത ഊട്ടിയുറപ്പിക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ റയില്‍വേ ആദ്യം കമ്പ്യൂട്ടര്‍വത്കൃത കൗണ്ടറുകള്‍ സ്ഥാപിച്ചതും പിന്നീട് ഇ-ടിക്കറ്റുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതും സൃഷ്ടിച്ച ഗുണപരമായ മാറ്റം നാം കണ്ടതാണ്. നിലവില്‍ പല സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും സേവനങ്ങള്‍ നല്‍കുന്നത് ആവശ്യമായ സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുമുള്ള ആരോപണം ശക്തമാണ്. 2011 ജൂലായ് 21ന് ഇന്ത്യയിലെ ഫോണുകളുടെ എണ്ണം 90 കോടിയാണ്. ഇതില്‍ 86. 6 കോടിയും മൊബൈല്‍ ഫോണുകളാണ് എന്ന വസ്തുത നിലവിലിരിക്കെ സേവനങ്ങള്‍ വെബ്‌സൈറ്റുകളിലൂടെ മാത്രമല്ല, മൊബൈല്‍ ഫോണുകളിലൂടെയും ലഭ്യമാക്കുന്ന (മൊബൈല്‍ ഗവേണന്‍സ് ) കാര്യം മുന്തിയ പരിഗണനയില്‍ വരണം. പൊതുജനങ്ങള്‍ക്കുള്ള ഐ.ടി.സാക്ഷരത, അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ള പൊതുസേവന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ പ്രക്രിയകളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരുസമഗ്ര സംവിധാനം ഇ-സേവനങ്ങളുടെ വിന്യാസത്തിനായി നാം പടുത്തുയര്‍ത്തേണ്ടതുണ്ട്. നാസ്‌കോമിന്റെ കണക്കുപ്രകാരം 2010-നും '13 നുമിടയില്‍ ഇ-ഗവേണന്‍സിന്റെ കമ്പോളമൂല്യം 40,000 കോടി രൂപയാണ്. നാഷണല്‍ ഇ-ഗവേണന്‍സ് പദ്ധതി പ്രഖ്യാപിച്ചതിനു പിറകെ സ്വകാര്യ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം ഇ-ഗവേണന്‍സ് മേഖലയിലുണ്ടായിയെങ്കിലും ഇത് പലപ്പോഴും വിപരീതഫലം സൃഷ്ടിച്ചിട്ടുമുണ്ട്. അതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 'ആന്തരികശേഷി' ശക്തിപ്പെടുത്തുന്ന തരത്തില്‍ ആവശ്യമായ മാനവവിഭവശേഷിയും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പാക്കാനും പരാശ്രിതത്വം പരമാവധി ഒഴിവാക്കാനും ഇതുവഴി കഴിയണം. സാധാരണക്കാരന്റെ ധനവും സമയവും അപഹരിക്കാതെ അവന് ആവശ്യമുള്ള വിവരങ്ങളും സേവനങ്ങളും അപ്പപ്പോള്‍കൈയെത്തുംദൂരത്ത് ലഭിക്കുന്ന രൂപത്തിലുള്ള ഒരു ഇ-ഭരണ ശൈലിയിലേക്കുള്ള ശക്തമായ ചുവടുവെപ്പായിരിക്കും പുതിയ നിയമം എന്ന് പ്രതീക്ഷിക്കാം.

(ഐ. ടി @ സ്‌കൂള്‍ പ്രോജക്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)

കടപ്പാട്: മാതൃഭൂമി , 10 Aug 2011 ബുധനാഴ്ച

No comments:

Post a Comment

Blogroll

Blogger news