കാസറഗോഡ് : ഐ ടി അറ്റ് സ്കൂള്‍ പ്രോജക്ട് കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് ജില്ലയില്‍ 1500 ഓളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍ സിനിമാ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു. പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയറിലായിരുന്ന പരിശീലനം. സിനിമയ്ക്കാവശ്യമായ കഥ രൂപപ്പെടുത്തുക, സ്റ്റോറി ബോര്‍ഡ് തയ്യാറാക്കുക, കഥാപാത്രങ്ങളേയും അവയുടെ പശ്ചാത്തലങ്ങളേയും വരയ്ക്കുക, കഥാപാത്രങ്ങളുടെ സംഭാഷണം റിക്കാര്‍ഡ് ചെയ്യുക, പശ്ചാത്തല സംഗീതം നല്‍കുക, വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ക്ക് ആനിമേഷന്‍ നല്‍കി സിനിമയാക്കി മാറ്റുക എന്നിവയായിരുന്നു പരിശീലനത്തിലെ മുഖ്യയിനങ്ങള്‍. ചിത്രങ്ങള്‍ വരക്കാന്‍ ജിമ്പ് , ശബ്ദങ്ങള്‍ റിക്കാര്‍ഡ് ചെയ്യുന്നതിന് ഒഡാസിറ്റി, അനിമേഷന്‍ നല്‍കുന്നതിന് കേട്ടൂണ്‍, വീഡിയോ എഡിറ്റിങ്ങിന് ഓപ്പണ്‍ഷോട്ട് എന്നീ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു. ഇത്തരത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സബ്ജില്ലാതലത്തില്‍ ഇക്കഴിഞ്ഞ ജനവരിയില്‍ ആനിമേഷന്‍ സിനിമാ നിര്‍മ്മാണമത്സരം നടത്തി. അവിടെ നിന്നും തെരഞ്ഞെടുത്ത 30സിനിമകളാണ് ജില്ലയില്‍ മത്സരത്തിനെത്തിയത്. ഐ ടി സ്കൂള്‍ ജില്ലാ ഓഫീസില്‍ തെരഞ്ഞടുത്ത സിനിമകളുടെ പ്രദര്‍ശനവും, പ്രശസ്ത ചിത്രകാരന്‍ സി കെ ഷാജി മാസ്റ്റരുടെ ക്ലാസ്സും നടന്നു.
ഇവയില്‍ ഏറ്റവും നല്ല സിനിമ, മികച്ച സംവിധായകന്‍, മികച്ച ശബ്ദ സംയോജനം തുടങ്ങി ഒമ്പത് ഇനങ്ങളില്‍ വിജയികളെ കണ്ടെത്തി. ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്ററി സ്കൂളിലെ നിതിന്‍ദാസ് കെ വി നിര്‍മ്മിച്ച "നേരറിയാന്‍ ചിങ്ങന്‍ CBI “ഏറ്റവും നല്ല സിനിമയായി തെഞ്ഞെടുത്തു. മികച്ച സംവിധായകനായി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രാഹുല്‍ രാജീവ് തെരഞ്ഞെടുക്കപ്പെട്ടു (സിനിമ "ഉത്തുപ്പാന്‍ ദി ഗ്രേറ്റ്”). മികച്ച ശബ്ദ മിശ്രണത്തിനുള്ള അംഗീകാരം ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സെയ്ത് മുസാമില്‍ തങ്ങളും (ചിത്രം "കാട്ടിലെ കല്യാണം”), ചിത്രസംയോജനത്തിനുള്ള അവാര്‍ഡ് ഉദിനൂര്‍ ജി എച്ച എസ്സ് എസ്സിലെ കെ വി സച്ചിനും (ചിത്രം "ലയണ്‍ ആന്റ് മാന്‍”)നേടി. മികച്ച സിനിമാ ആശയത്തിനുള്ള അവാര്‍ഡ് എസ് ജി കെ എച്ച് എസ്സ് കുഡുലുവിലെ ശ്രവണ്‍കുമാറും (ചിത്രം "മോഡേണ്‍ ഹെന്‍”), ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്ററി സ്കൂളിലെ സനോജ് സി ആറും പങ്കിട്ടു. മികച്ച കഥാപാത്ര രൂപീകരണത്തിനുള്ള അംഗീകാരം ജി എച്ച് എസ്സ് പഡ്രെയിലെ നാഗേഷ് കെ (ചിത്രം"ആമയും മുയലും പിന്നെ അലാറവും”)നേടിയപ്പോള്‍, ജി എച്ച് എസ്സ് എസ്സ് തായന്നൂറിലെ പി ഉണ്ണികൃഷ്ണന്‍ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അര്‍ഹനാവുകയും ചെയ്തു (ചിത്രം "കിച്ചു അമ്മ")
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തിരുവനന്തപുരത്തു നിന്നും പൊതു വിദ്യാഭ്യാസ സെക്രട്ടറി എം ശിവശങ്കര്‍, ഐ ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ജില്ലയിലെ വിജയികള്‍ക്ക് കാസറഗോഡ് MLAഎന്‍ ഏ നെല്ലിക്കുന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി ജെ മത്തായി സ്വാഗതവും വിജയന്‍ വി കെ നന്ദിയും പറഞ്ഞു.
No comments:
Post a Comment