Wednesday, 1 February 2012

തിരുവനന്തപുരം: കമ്പ്യൂട്ടര്‍ ലോകത്ത് കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ട് പത്താമത് സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ബുധനാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ പ്രകടിപ്പിച്ച മികവ് ടെക്‌നോപാര്‍ക്കിലെ മുതിര്‍ന്ന സോഫ്ട്‌വേര്‍ എന്‍ജിനീയര്‍മാരെ അത്ഭുതപ്പെടുത്തി.

ജില്ലാതല ഐ. ടി. മേളകളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ഞൂറോളം പേരാണ് രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് പ്രവേശനം. മേളയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി രക്ഷിതാക്കളുടെ പ്രവേശനം സംഘാടകര്‍ വിലക്കുകയായിരുന്നു. ചില്ലറ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും താമസിയാതെ കെട്ടടങ്ങി. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഓരോ ജില്ലയില്‍ നിന്ന് നാലുഅധ്യാപകര്‍ വീതം ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഒഴിവായതോടെ കുട്ടികള്‍ക്കിടയിലെ മാത്സര്യം ഒഴിവാകുകയും സൗഹാര്‍ദ്ദപരമായ ക്യാമ്പ് പോലുള്ള അന്തരീക്ഷം സംജാതമാകുകയും ചെയ്തു.

പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വേര്‍ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍. വെബ് പേജ് ഡിസൈനിങ്ങില്‍ കുട്ടികള്‍ പ്രകടിപ്പിച്ച കൈയടക്കം ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍മാരുടെ പ്രശംസ നേടി. വളരെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കുന്ന വെബ് പേജ് വെറും ഒരു മണിക്കൂര്‍ കൊണ്ടാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. കണിമംഗലം എന്ന സാങ്കല്പിക ഗ്രാമം ഈ മത്സരത്തിലൂടെ വെബ് ലോകത്ത് നിറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ളവര്‍ കണിമംഗലത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ സംബന്ധിച്ച വെബ് പേജ് തയ്യാറാക്കിയപ്പോള്‍ ഹയര്‍സെക്കന്‍ഡറിക്കാര്‍ ന്യൂസ് പോര്‍ട്ടലാണ് സൃഷ്ടിച്ചത്. എച്ച്.ടി.എം.എല്ലും സ്റ്റൈല്‍ ഷീറ്റുമെല്ലാം ഇതിനായി കുട്ടികള്‍ വിനിയോഗിച്ചു. ടിക്കറും ലിങ്കുകളും സ്‌ക്രോളും വര്‍ണാഭ ചിത്രങ്ങളുമെല്ലാം വെബ് പേജില്‍ നിറഞ്ഞു. മികവിന്റെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല.

ഹൈസ്‌കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങിന് ഫുട്‌ബോള്‍ ആയിരുന്നു വിഷയം. ജിമ്പും എക്‌സ്-പെയിന്റും ഉപയോഗിച്ച് നാട്ടിന്‍പുറത്തെ പന്തുകളി മുതല്‍ വമ്പന്‍ സ്റ്റേഡിയങ്ങള്‍ വരെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കുട്ടികള്‍ കോറിയിട്ടു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടമാണെന്ന്‌തോന്നി. പെനാല്‍റ്റി കിക്ക് തടയാന്‍ കാവല്‍ നില്‍ക്കുന്ന ഗോളിയുടെ വിഹ്വലതകളും ചില കുട്ടികള്‍ ചിത്രീകരിച്ചു. വര്‍ഷം 2050 ആയിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗക്കാര്‍ ചിത്രീകരിക്കേണ്ടത്. കുട്ടികളുടെ ഭാവനയുടെ വളര്‍ച്ച കണ്ട് വിധികര്‍ത്താക്കള്‍ അന്തംവിട്ടു.

ഐ. ടി. മേള വ്യാഴാഴ്ച സമാപിക്കും. വൈകുന്നേരം നാലിനു ചേരുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ടെക്‌നോപാര്‍ക്ക് വേദിയാകുന്നത്.
വാര്‍ത്തകള്‍ക്ക് കടപ്പാട് : മാതൃഭൂമി

No comments:

Post a Comment

Blogroll

Blogger news