BLEND Inauguration _District level
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി ഒരു നെറ്റ്‌വര്‍ക്കിനു കീഴിലാകും
കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും
വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗുവഴി ബന്ധിപ്പിക്കുന്ന പദ്ധതിയായ
ബ്ലെന്റിന് തുടക്കമായി. വിദ്യാഭ്യാസവകുപ്പിന്റെയും ഐ.ടി. അറ്റ്
സ്‌കൂളിന്റെയും സഹകരണത്തോടെ കാസര്‍കോട് ഡയറ്റ് നടപ്പാക്കുന്ന ബ്ലോഗ്‌സ്
ഫോര്‍ ഡയനാമിക് എഡ്യൂക്കേഷണല്‍ നെറ്റ് വര്‍ക്ക് (ബ്ലെന്റ്) പദ്ധതിയുടെ
ഭാഗമായി അധ്യാപകപരിശീലനം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ തുടങ്ങി.
രണ്ടുദിവസത്തെ ആദ്യഘട്ട പരിശീലനത്തോടെ ജില്ലയിലെ മുഴുവന്‍ എല്‍.പി.,
യു.പി., ഹൈസ്‌കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍വരും. രണ്ടാംഘട്ട
പരിശീലനത്തോടെ വിവിധ സ്‌കൂള്‍ബ്ലോഗുകളെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ
ഓഫീസുകളുമായും ബന്ധപ്പെടുത്തും. എല്ലാ എ.ഇ.ഒ., ബി.പി.ഒ., ഡി.ഇ.ഒ.,
ഓഫീസുകള്‍ക്കും ബ്ലോഗുകള്‍ തയ്യാറാക്കി. ഇതോടെ ഓഫീസുകളില്‍നിന്നുള്ള
അറിയിപ്പുകള്‍ ബ്ലോഗുവഴി നല്കും. തിരിച്ച് സ്‌കൂള്‍പ്രവര്‍ത്തനങ്ങള്‍
ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരുമായും പങ്കുവെക്കാനും കഴിയും.
സ്‌കൂളുകളില്‍ നടക്കുന്ന വിവിധ അക്കാദമിക്, അക്കാദമികേതര
പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ
സ്‌കൂളുകള്‍ക്ക് ബ്ലോഗുകളിലൂടെ ലോകമാകെ അറിയിക്കാം.
സ്‌കൂള്‍പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍കൂടി ഇതുവഴി
യാഥാര്‍ഥ്യമാവും.
അധ്യാപകപരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐ.ടി. അറ്റ് സ്‌കൂളില്‍ നടന്ന
ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ നിര്‍വഹിച്ചു. ഡയറ്റ്
പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. ഐ.ടി. അറ്റ്
സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.രാജേഷ് ആശംസകള്‍ നേര്‍ന്നു.
ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി.വി.പുരുഷോത്തമന്‍ സ്വാഗതവും
പി.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. പരിശീലനത്തിന്റെ ഒന്നാംഘട്ടം 18, 19
തീയതികളില്‍ നടക്കും. രണ്ടാംഘട്ട പരിശീലനം ആഗസ്ത് ഒന്ന്, രണ്ട്, 22, 23
തീയതികളില്‍ നടക്കും
No comments:
Post a Comment