Thursday, 6 September 2012

LP ഐ ടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു

കമ്പ്യൂട്ടര്‍ പരിശീലനം ലഭിക്കില്ലെന്ന കാരണത്താല്‍ ഇനി മലയാളം മീഡിയം സ്‌കൂളുകളില്‍നിന്നു വിദ്യാര്‍ഥികളെ ഒഴിവാക്കേണ്ട. ഒന്നാം ക്ലാസ്‌ മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുമായി ഐ ടി അറ്റ്‌ സ്‌കൂള്‍ രംഗത്ത്‌. ഹൈസ്‌കൂള്‍, യു.പി. തലങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ്‌ ഇനി പ്രൈമറി തലത്തിലും നടപ്പാക്കുക. പദ്ധതിക്കായി ഐ ടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലികള്‍ ആരംഭിച്ചു.

കളികളിലൂടെ ഐ ടി കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ്‌ എല്‍.പി. സ്‌കൂളുകളില്‍ നടപ്പാക്കുക. ഇതിനാവശ്യമായ പാഠപുസ്‌തകങ്ങള്‍ നേരത്തേ വിതരണം ചെയ്‌തിരുന്നു. അധ്യാപക പഠനസഹായിയും തയാറാക്കിയിട്ടുണ്ട്‌. 

വിവിധ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത കളികളിലൂടെ കുട്ടികളുടെ ബൗദ്ധികവികാസവും ഭാഷാശക്‌തി വികാസവുമാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. എല്‍.പി. സ്‌കൂളുകളിലേക്കു മാത്രമായി ന്യൂ ലിനക്‌സ് ജൂണിയര്‍ ഒ.എസ്‌. എന്ന പേരില്‍ പ്രത്യേക ഓപ്പറേറ്റിംഗ്‌ സിസ്‌റ്റവും തയാറായി.

കമ്പ്യൂട്ടറോ അനുബന്ധ ഉപകരണങ്ങളോ പല എല്‍ .പി. സ്‌കൂളുകളിലും ഇല്ലെന്നതാണു പദ്ധതി നടപ്പാക്കല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന യു.പി. സ്‌കൂളുകള്‍ക്ക്‌ 1.85 ലക്ഷം രൂപയും എല്‍.പി. സ്‌കൂളുകള്‍ക്ക്‌ 1.35 ലക്ഷം രൂപയും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ അനുവദിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലാണു സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. ഇതിനായി ഭൂരിഭാഗം സ്‌കൂളുകളും പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

പദ്ധതിക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. ഐ ടി യോഗ്യതയോ താല്‍പര്യമോയുളള അധ്യാപകരെയാണ്‌ കോഓര്‍ഡിനേറ്ററാക്കുക. 

ഇവര്‍ക്കാവശ്യമായ പരിശീലനം ഐ ടി അറ്റ്‌ സ്‌കൂള്‍ നല്‍കും. മാസ്‌റ്റര്‍ ട്രെയിനര്‍മാരോ തെരഞ്ഞെടുത്ത ഐ ടി കോര്‍ഡിനേറ്റര്‍മാരോ ആകും നാലു ദിവസത്തെ പരീശീലനത്തിനു നേതൃത്വം നല്‍കുക. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 25 ല്‍ കുറയാത്ത അംഗസംഖ്യയുള്ള ബാച്ചുകള്‍ക്കാണു പരിശീലം നല്‍കുക.

Crtsy: Mangalam Online

Blogroll

Blogger news